ഗുരുപരമ്പര

ശ്രീ ശുഭാനന്ദ ഗുരുദേവന്‍ (28:04:1882 - 29:07:1950)
ആത്മബോധോദയ സഘ സ്ഥാപകന്‍ - ശ്രീ ശുഭാനന്ദാശ്രമം
1882 ഏപ്രില്‍ മാസം 28 തീയതി കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ , ബുദനൂര്‍ വില്ലേജില്‍ കുലായിക്കല്‍ വീട്ടില്‍ ഇട്ട്യാതി , കൊച്ചുനീലി ദംബതിമാരുടെ മകനായി ശുഭാനന്ദന്‍ ജനിച്ചു . അച്ഛന്‍ ഒരു ജ്യോതിഷനും അമ്മ തികഞ്ഞൊരു ഈശ്വര വിശ്വാസിയുമായിരുന്നു. വിവാഹ ശേഷം മക്കളില്ലാതിരുന്ന ദംബതിമാര്‍ക്ക് 24 വര്‍ഷത്തെ പുണ്യ ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും വഴിപാടുകള്‍ക്കും , ഭജനകള്‍ക്കും ഒടുവില്‍ ഒരാണ്‍കുഞ്ഞ് ജനിച്ചു , പാപ്പന്‍ എന്നു നാമകരണം ചെയ്തു. വളരെ കുട്ടിക്കാലം മുതല്‍ക്കു തന്നെ ആത്മീയമായ അറിവുകളും, പല അത്ഭുത പ്രവര്‍ത്തികളും കാണിക്കുകയും ചെയ്തിരുന്നു. ഇതു കണ്ടു പരിഭ്രാന്തരായ മാതാപിതാക്കള്‍ ഈ കുട്ടിയില്‍ അമാനുഷികമായ കഴിവുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും ഇതിനൊരു പരിഹാരത്തിനായി അടുത്തുള്ള ക്ഷേത്രത്തിലെ തന്ത്രിയെ സമീപിക്കുകയും ചെയ്തു. "നിങ്ങള്‍ ജന്മം നല്കിയത് മനുഷ്യരാശിയുടെ രക്ഷകനെയാണെന്നും , ഇവന്‍ ആയിരങ്ങളാല്‍ ആരാധിക്കപ്പെടുമെന്നും തന്ത്രി കല്‍പ്പിച്ചു". ഈ കുട്ടിയുടെ 7 മത്തെ വയസില്‍ (16 നംവ, 1889) ഒരു വെള്ളിയാഴ്ച വൈകുന്നേരം അതിശക്തമായ ഒരു പ്രകാശം അനുഭവപ്പെട്ടു. അത് തുടര്‍ച്ചയായി 3 ദിവസം നീണ്ടു നില്‍ക്കുകയും നാലാം ദിവസം പൂര്‍വ സ്ഥിതിയിലെത്തുകയും ചെയ്തു.

ഈ സ്വയം പ്രകാശം ഓരോ മനുഷ്യനിലും ഉള്ളതാണെന്നും, അത് സ്വര്‍ഗീയമായ സ്വയം പ്രകാശത്തിന്‍റെ ഒരംശമാണെന്നും , അതിലെത്തിച്ചേരാന്‍ ഒരു ഗുരുവിന്‍റെ സഹായം ആവശ്യമാണെന്നും തിരിച്ചറിഞ്ഞു, 1894-ല്‍ അമ്മയുടെ മരണത്തിന് ശേഷം തന്നിലുദയമായ സ്വയംപ്രകാശത്തിന്‍റെ പൊരുള്‍ തേടി ഒരു തീര്‍ഥാടനം ആരംഭിച്ചു. എല്ലാ പുണ്യ സ്ഥലങ്ങളിലും, പണ്ഡിതന്മാരെയും സന്ദര്‍ശിച്ചു. തനിക്കനുഭവപ്പെട്ട ദിവ്യാനുഭവത്തെ കുറിച്ച് കൃത്യമായ ഒരു വിശദീകരണവും തനിക്കെ വിടുന്നും ലഭിച്ചില്ല. അതിനുശേഷം 1914 ല് അദ്ദേഹം തിരിച്ചു വന്ന് ധ്യാനനിരതനായി ഒരു പുന്നമരചുവട്ടിലിരുന്നു. ഈ സ്ഥലമാണ് ഇന്ന് തപോഗിരി എന്നറിയപ്പെടുന്നത് മൂന്നു ദിവസത്തെ കഠിനമായ ധ്യാനത്തിനൊടുവില്‍ സ്വര്‍ഗീയമായ ഒരു പ്രഭോദയം ഉളവായി. അതാണ് കലിയുഗത്തിലെ ജ്ഞാന ഖഡ്ഗിയുടെ അവതാരം. തനിക്കു ലഭ്യമായ അറിവുകളും മറ്റും മനുഷ്യരാശിയിലേക്ക് പകര്‍ന്നു നല്‍കുന്നതിനായാണ് ശുഭാനന്ദ ഗുരുദേവന്‍ ആത്മബോധോദയ സംഘം സ്ഥാപിച്ചത്.

ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നും , അടിമത്വവും , തൊട്ടുകൂടായ്മയും സമൂഹത്തില്‍ നിന്നും ഒഴിവാകപ്പെടേണ്ടതാണെന്നും ഗുരു ഉത്ബോദിപ്പിച്ചു. മനുഷ്യരെല്ലാം അന്യരല്ലെന്നും ആത്മാവില്‍ ഏവരും തുല്ല്യരാണെന്നും, അന്യമായി തോന്നുന്നുവെങ്കില്‍ അതറിവുകേടാണെന്നും ദൈവ സൃഷ്ടിയില്‍ ഏവരും തുല്യരാണെന്നും ഗുരു ഉത്ബോദിപ്പിക്കുന്നു.

ആനന്ദജി ഗുരുദേവന്‍ (17:07:1924 - 17:05:1988)
മുന്‍ ആശ്രമാധിപതി - ശ്രീ ശുഭാനന്ദാശ്രമം
1924 ജൂലായ് മാസം 17 തീയതി കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെറുകോല്‍ വില്ലേജില്‍ അമ്മിണി, കൃഷ്ണന്‍ ദംബതിമാരുടെ മകനായി ഉത്രാടം നക്ഷത്രത്തില്‍ ആനന്ദജി ഗുരുദേവന്‍ ജനിച്ചു. ആ മാതാപിതാക്കളുടെ ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ശൈശവത്തില്‍ തന്നെ മാരകമായ അസുഖം ബാധിച്ചു മരിച്ചു. മൂന്നാമത്തെ കുഞ്ഞായി ആനന്ദജി ഗുരുദേവന്‍ പിറന്നപ്പോഴും ആദ്യത്തെ രണ്ടു കുഞ്ഞുങ്ങള്‍ക്കും സംഭവിച്ച ദുര്‍വിധിയെ ഓര്‍ത്ത് ആ മാതാപിതാക്കള്‍ ഏറെ ഭയപ്പെട്ടു. എന്നാല്‍ മൂന്നാമത്തെ വയസ്സില്‍ ആ കുഞ്ഞിനും അതേ അസുഖം പിടിപെട്ടു. അവരുടെ കുഞ്ഞിന്‍റെ ജീവനു വേണ്ടി ആ മാതാപിതാക്കള്‍ പല പല ആശുപത്രികളിലും ദേവാലയങ്ങളിലും കയറിയിറങ്ങി, എവിടെ നിന്നും അവര്‍ക്കൊരു ആശ്വാസവും ലഭിച്ചില്ല. ദു:ഖിതരായ ആ മാതാപിതാക്കള്‍ അവസാന പ്രതീക്ഷയായി ശുഭാനന്ദഗുരുദേവനെ ചെന്നു കാണാന്‍ തീരുമാനിച്ചു. അവര്‍ എല്ലാ വിവരങ്ങളും ഗുരുദേവനെ അറിയിച്ചു,തങ്ങളുടെ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ അപേക്ഷിച്ചു.

എല്ലാ വിവരങ്ങളും കേട്ട ശേഷം ആ മാതാപിതാക്കളോട് ഗുരു ഇപ്രകാരം പറഞ്ഞു. ഈ കുഞ്ഞു അല്‍പ്പയുസ്സോടുകൂടി ജനിച്ചതാണു ഞാന്‍ എന്‍റെ ആയുസ്സ് നല്കി ഇവനെ വീണ്ടെടുക്കാം പകരം എന്‍റെ ആദര്‍ശ പ്രവര്‍ത്ത ങ്ങള്‍ക്കായി ഇവനെ എനിക്കു തിരികെ നല്കണം ആ മാതാപിതാക്കള്‍ ഗുരുവിന്‍റെ വാക്കുകള്‍ സന്തോഷത്തോടെ സ്വീകരിച്ചു. ഞായറാഴ്ച പൊതു പ്രാര്‍ഥനയില്‍ ഭഗവാന്‍ ആ കുഞ്ഞിനെ കൈയിലെടുത്ത ശേഷം ഇപ്രകാരം പറഞ്ഞു . "ഞാന്‍ എനിക്കു പകരം നേര്‍ച്ചയായി ഈ കുഞ്ഞിനെ സ്വീകരിക്കുന്നു. ഞാന്‍ ആരാണെന്നും എന്‍റെ ആദര്‍ശം എന്താണെന്നും ഇവനില്‍ കൂടി ലോകം അറിയും" ഭഗവാന്‍ ആ കുഞ്ഞിനെ അനുഗ്രഹിച്ച ശേഷം, തിരികെ വീട്ടിലേക്കു കൊണ്ടുപോയി നന്നായി വളര്‍ത്താന്‍ ആ മാതാപിതാക്കളോടാവശ്യപ്പെട്ടു.

1936 ല്‍ ഭഗവാന്‍ ആ കുഞ്ഞിനെ തിരിച്ചു വിളിക്കുകയും സന്യാസ പദവി നല്കി ആനന്ദജി എന്നു നാമകരണം ചെയ്തു സന്യാസിയായി സ്വീകരിച്ചു.ശുഭാനന്ദ ഗുരുദേവന്‍റെ തിരുശബ്ദപ്രകാരം ശുഭാനന്ദ ഗുരുദേവന്‍റെ ചൈതന്യം ആനന്ദജി ഗുരുദേവനില്‍ പ്രത്യക്ഷമാകുകയും 1962 നവംബര്‍ 4 നു ആശ്രമ മഠാധിപതിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. ആനന്ദജി ഗുരുദേവന്‍ അത്ഭുതകരമാം വിധം ആയിരക്കണക്കിന് കീര്‍ത്തനങ്ങള്‍ രചിക്കുകയും ആരാധനാ വേദികളില്‍ കൂടി അറിവിന്‍റെ വെളിച്ചം ആയിരങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തു. ശുഭനന്ദാശ്രമത്തിന്‍റെ ഇന്ന് കാണുന്ന എല്ലാ ഭൌതിക നേട്ടങ്ങള്‍ക്കും അടിസ്ഥാനം നല്കിയത് ആനന്ദജി ഗുരുദേവന്‍റെ വാഴ്ച കാലത്താണ് അനേകം കുടുംബങ്ങള്‍ ശുഭാനന്ദഗുരുദേവന്‍റെ ആദര്‍ശത്തിലെത്തിയതും, ശാഖശ്രമങ്ങള്‍ സ്ഥാപിച്ചതും ആനന്ദജി ഗുരുദേവന്‍റെ ശ്രമഫലമാണ്. 1988-ല്‍ 106 മത് പൂരം ജന്മനക്ഷത്ര മഹോത്സവ വേദിയില്‍ പ്രഭാഷണ മദ്ധ്യേ ആനന്ദജി ഗുരുദേവന്‍ അരുളി ചെയ്തു "നിങള്‍ക്കു ഇനി എന്‍റെ ശബ്ദം എന്‍റെ ഗുരുപ്രസാദില്‍ കൂടി കേള്‍ക്കാം". ഇത് കഴിഞ്ഞു ആഴ്ചകള്‍ക്കുള്ളില് 1988 മെയ് മാസം 17 നു ആനന്ദജി ഗുരുദേവന്‍ സമാധിയായി.

ശ്രീ ഗുരുപ്രസാദ് ഗുരുദേവന്‍ (26:03:1908 - 17:05:2000)
മുന്‍ ആശ്രമാധിപതി - ശ്രീ ശുഭാനന്ദാശ്രമം
1908-ല്‍ മാവേലിക്കര ചെറുകോല്‍ വില്ലേജില്‍ കാക്കിരാത്ത് വീട്ടില്‍ കൊച്ചു കുഞ്ഞു കൊച്ചിക്കാ ദബതിമാരുടെ 9 മത്തെ മകനായി പൂരാടം നക്ഷത്രത്തില്‍ ഗുരുപ്രസാദ് ഗുരുദേവന്‍ ജനിച്ചു. ഗുരുദേവന്‍റെ പൂര്‍വാശ്രമത്തിലെ പേര് വേലായുധന്‍ എന്നും സ്നേഹപൂര്‍വം എല്ലാവരും വേലു എന്നും വിളിച്ച് പോന്നു. 1910-ല്‍ ഗുരുദേവന്‍റെ അമ്മയും 1918-ല്‍ അച്ഛനും മരണമടഞ്ഞു അതിനു ശേഷം അദ്ദേഹം പഠിച്ചതും വളര്‍ന്നതുമെല്ലാം മൂത്ത സഹോദരിയായ പാപ്പിയമ്മയുടെ അടുത്തു നിന്നായിരുന്നു. 4 ക്ളാസ്സില്‍ വെച്ചു പഠനം ഉപേക്ഷിച്ചു. 1928-ല്‍ ശുഭാനന്ദഗുരുദേവന്‍ വേലുവിന്റെ അയല്‍പക്കത്ത് എത്തുകയും അവിടെ ഒരാശ്രമം (കല്ലുമ്മല്‍ ) പണിയാന്‍ വേലുവിന്‍റെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. തികച്ചും നിരീശ്വര വാദിയായിരുന്ന വേലു പക്ഷേ ആ സഹായാഭ്യര്‍ഥന നിരസിച്ചില്ല. ഈ കാലയാളവില്‍ ശുഭാനന്ദഗുരുദേവന്‍ താഴ്ന്ന ജാതിയില്‍ (പറയ സമുദായം ) പിറന്നത് കൊണ്ട് പല വിധത്തിലുള്ള പീഠനങ്ങളും അനുഭവിക്കേണ്ടി വന്നു.

ഗുരുദേവന്‍റെ ശിഷ്യന്മാരും അന്നത്തെ വിശ്വാസികളായ ഭക്തര്‍ക്കും ഇതേ വിധമുള്ള ദുഷി പരിഹാസങ്ങളുമുണ്ടായി .ഇങ്ങനെയുള്ള ഒരു പ്രാര്‍ഥനാ വേദിയില്‍ വേലു ‍ ശുഭാനന്ദഗുരുദേവനെ കാണാനെത്തുകയും ദക്ഷിണ അര്‍പ്പിക്കുകയും ചെയ്തു. ഈ സമയം ഗശുഭാനന്ദ ഗുരുദേവനില്‍ മഹാ വിഷ്ണുവിനെ ദര്‍ശിക്കുകയും പല വിധമുള്ള അത്ഭുതങ്ങള്‍ക്കും സാക്ഷിയാകുകയും ചെയ്തു. അന്ന് മുതല്‍ വേലു ഒരു തീരുമാനമെടുത്തു സമൂഹത്തിലെ അശരണരുടേ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന‍ ശുഭാനന്ദഗുരുദേവന്‍റെ സംഘത്തില്‍ ഓരംഗമായി താനും പ്രവര്‍ത്തിക്കും. വേലുവിന്‍റെ 37 മത് വയസ്സില്‍ (1944) ശുഭാനന്ദഗുരുദേവന്‍ ഒരു നെയ്തു ശാല ആരം ഭി ച്ചു അത്തിന്‍റെ പ്രവര്‍ത്തനത്തിലെ ഒരു മുഖ്യ പങ്കാളിയും കഠിനാധ്വാനിയുമായിരുന്നു വേലു. 1947 നവംബര്‍ മാസം 16 തേയത്തി ഗുരുദേവന്‍ വേലുവിനു സന്യാസം നല്കി ഗുരുപ്രസാദ് എന്നു നാമകരണം ചെയ്തു . ശുഭാനന്ദാശ്രമത്തിന്‍റെ പിന്നീടുള്ള വളര്‍ച്ചയുടെ പടവുകളില്‍ ഗുരുപ്രസാദ് ഗുരുദേവനു ഒരു മുഖ്യ പങ്കുണ്ടായിരുന്നു. ആനന്ദജി ഗുരുദേവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗുരുദേവന്‍റെ സന്തത സഹചാരിയായി ഗുരുപ്രസാദ് ഉണ്ടായിരുന്നു. ഇനി എന്‍റെ ശബ്ദം എന്‍റെ ഗുരുപ്രസാദില്‍ കൂടി കേള്‍ക്കം എന്നു അരുളി ചെയ്തു ആഴ്ചകള്‍ക്കുള്ളില്‍ ആനന്ദജി ഗുരുദേവന്‍ സമാധിയായി . അതിനു ശേഷം ശുഭാനന്ദാശ്രമത്തിന്‍റെ മഠാധിപതിയായി (ഗുരു പരംബരയില്‍ മൂന്നാമത് ) സ്ഥാനമേറ്റു. സ്നേഹത്തിന്‍റെയും ക്ഷമയുടെയും സഹനത്തിന്റെയും പ്രതിരൂപമായിരുന്നു ഗുരുപ്രസാദ് ഗുരുദേവന്‍.

ഗുരുപ്രസാദ് ഗുരുദേവന്‍റെ കാലത്താണ് നാടിന്‍റെ പല ഭാഗങ്ങളിലും ഇന്ന് കാണുന്ന പ്രധാന ശാഖാശ്രമങ്ങള്‍ക്ക് അടിസ്ഥാനമിട്ടത്. ഗുരുപ്രസാദ് ഗുരുദേവന്‍ 93 ആം വയസ്സു വരെ ഈ കഠിനാധ്വാനം തുടരുകയും ചെയ്തു. 2000 മെയ് മാസം 17 തീയതി ആനന്ദജി ഗുരുദേവന്‍റെ 12 സമാധി ദിനത്തില്‍ സദാനന്ദസിദ്ധ ഗുരുദേവനെ തന്‍റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു ഗുരുപ്രസാദ് ഗുരുദേവന്‍ സമാധിയായി .........അത്ഭുതകരമായ ഗുരുശിഷ്യ ബന്ധത്തിന്‍റെ പരിസമാപ്തി .

സദാനന്ദസിദ്ധ ഗുരുദേവന്‍ (08:03:1930 - 22:03:2017)
മുന്‍ ആശ്രമാധിപതി - ശ്രീ ശുഭാനന്ദാശ്രമം
കുഞ്ഞു ശങ്കരന്‍, കൊച്ചുകാളി ദബതിമാ൪ ശുഭാനന്ദഗുരുദേവന്‍റെ ഭക്തരായിരുന്നു. അവര്‍ക്കുണ്ടായ പെണ്‍ കുഞ്ഞു മരിക്കുകയും തന്മൂലം ദു:ഖിതരായ മാതാപിതാക്കള്‍ ഗുരുദേവനു മുന്നില്‍ വന്നു സങ്കടം ഉണര്‍ത്തിക്കുകയും ചെയ്തു. ഇതുകേട്ട ശുഭാനന്ദ ഗുരുദേവന്‍ അവരോടിങ്ങനെ അരുളി ചെയ്തു " നഷ്ട്ടപ്പെട്ടു പോയ നിങ്ങളുടെ പെണ്‍ കുഞ്ഞിനു പകരം ഒരു പെണ്‍ കുഞ്ഞിനെയും പഞ്ച പാണ്ഡവര്‍ക്കു തുല്യമായി അഞ്ചാണ്‍മക്കല്‍ക്കും ജന്മം നല്കും. ഇങ്ങനെ ഉണ്ടായവരില്‍ ഒന്നാമനാണ് 1930 ല്‍ മാര്‍ച്ച് മാസം 8 തീയതി മകയിരം നക്ഷത്രത്തില്‍ ഭൂജാതനായി ഇന്നത്തെ മഠാധിപതിയായി വാഴുന്ന സദാനന്ദ സിദ്ധ ഗുരുദേവന്‍. ജനിച്ച നാള്‍ മുതല്‍ ശുഭാനന്ദ ഗുരുദേവന്‍റെ ചിട്ടയിലും നിയമത്തിലും ജീവിച്ച് വന്ന സദാനന്ദ സിദ്ധ ഗുരുദേവന്‍റെ പൂര്‍വാശ്രമത്തിലെ പേര് രാഘവന്‍ എന്നായിരുന്നു.

ശുഭാനന്ദ ഗുരുദേവന്‍റെ മഹാ സമാധിക്ക് ശേഷം രാഘവന്‍ മുഴുവന്‍ സമയവും ആശ്രമ ക്ഷേമ പ്രവര്‍ത്തകനായി മാറി. 1985 മെയ് മാസം 10 തീയതി അന്നത്തെ മഠാധിപതിയായിരുന്ന ആനന്ദജി ഗുരുദേവന്‍ സന്യാസം നല്കി സദാനന്ദ സിദ്ധന്‍ എന്ന സന്യാസ നാമവും നല്‍കുകയായിരുന്നു. പിന്നീടുള്ള കാലഘട്ടങ്ങളില്‍ ശുഭാനന്ദാശ്രമത്തിന്‍റെ എല്ലാ ശാഖകളും സന്ദര്‍ശിക്കുകയും ആശ്രമങ്ങളുടെ പുരോഗതിക്കായി കഠിനാധ്വാനാം ചെയ്യുകയും ചെയ്തിട്ടുണ്ട്. ശുഭാനന്ദഗുരുദേവന്‍റെ ആദര്‍ശം സദാനന്ദസിദ്ധനില്‍ കൂടി തുടരുമെന്ന് ആശ്രമാധി പതിയായിരുന്ന ഗുരുപ്രസാദ് ഗുരുദേവന്‍ കല്‍പ്പിക്കുകയും ഗുരുപ്രസാദ് ഗുരുദേവന്‍റെ മഹാസമാധിക്കു ശേഷം 2000 മെയ് മാസം 17 തീയതി സദാനന്ദ സിദ്ധ ഗുരുദേവന്‍ മഠാധിപതിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.

അതിനു ശേഷം ഇന്ന് വരെ ആശ്രമത്തിന്‍റെ വളര്‍ച്ചക്കും പുകഴ്ചയ്ക്കും ഉതകുന്ന രീതിയില്‍ പലവിധത്തിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തി വന്നു. ആയുര്‍വേദ പഞ്ച കര്‍മ്മ ചികിത്സാലയം, സദാനന്ദസിദ്ധ ആശുപത്രി വിശ്രമ മന്ദിരം തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ഗുരുദേവന്‍റെ നേതൃത്വത്തില്‍ നടന്നതാണ്. 2017 മാര്‍ച്ച് മാസം 22 നു സദാനന്ദസിദ്ധ ഗുരുദേവന്‍ സമാധിയായി.

ദേവാനന്ദ ഗുരുദേവന്‍ (18:02:1975)
ആശ്രമാധിപതി - ശ്രീ ശുഭാനന്ദാശ്രമം
ശുഭാനന്ദ ദിവ്യദര്‍ശനവും നാമനിയമങ്ങളും - ആചാരാ നുഷ്ഠാനങ്ങളും ലോക വ്യാപകമാക്കി പ്രചരിപ്പിക്കുവാനും നടപ്പിലാക്കുവാനും ആത്മ ബോധം ലോകത്തെ ഭരിക്കുവാനും നയിക്കുവാനും തക്ക സര്‍വ്വധാ യോഗ്യമായ ശക്തനും മുക്തനും ബുദ്ധനും നിത്യനുമായ ഒരു തിരുശ്ശരീരവാഴ്ച പാപ്തിക്കു വേണ്ടി മുന്നമേ നിശ്ചയിച്ചു ജന്മം കൊടുത്ത ആദര്‍ശരൂപാന്തര പ്രക്രിയയിലൂടെ ആത്മ രൂപീകരണം നടത്തി വളര്‍ത്തിയെടുത്ത ദേവാധി ദേവനാണ് സ്വാമി ദേവാനന്ദന്‍. ആയത് ഏവര്‍ക്കും നിസ്സംശയം ബോധ്യപ്പെടത്തക്കവണ്ണം ഈശ്വരീയ - പൂര്‍ണ്ണമാണ് ആ ആത്മബോധോദയ ജ്ഞാനപ്രകാശത്തിലെത്തി പ്രശോഭിക്കുന്ന ദേവാനന്ദ ഗുരുദേവന്റെ ദൈവീക ജീവിത യാത്ര. ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ മഹാസമാധിക്കു (29-7-1950)ശേഷം പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ഗുരുദേവന്‍ മുന്‍കൂട്ടി നിശ്ചയിച്ചു കല്പിച്ചി രുന്നതു പ്രകാരം ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവനില്‍ 1962-ല്‍ മഹാശക്തി ഉദയമായി ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തില്‍ മഠാധിപതിയായി അവരോധിക്കപ്പെട്ട് തന്റെ അത്യത്ഭുത വാഴ്ച ആരംഭിച്ചു. അധികം താമസിയാതെ തന്നെ ദേവാനന്ദജീ അമ്പോറ്റിയുടെ വന്ദ്യപിതാവായ കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്രീ. പുരുഷോത്തമന്‍ സാര്‍ ദൈവനിയോ ഗത്താല്‍ ചെറുകോല്‍ തിരുസന്നിധാനത്തിലെത്തി ആനന്ദജീ ഗുരുദേവനെ ദര്‍ശിക്കുവാന്‍ ഇടയായി.
ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവ തിരുവടികളുടെ വിശ്വസ്ത ശിഷ്യനായി ജീവിച്ച പുരുഷന്‍ സാറിന്റെ വിവാഹം, ജോലി തുടങ്ങിയുള്ള സര്‍വ്വകാര്യ ങ്ങള്‍ക്കും ആനന്ദജീ ഗുരുദേവനാണ് കാര്‍മ്മികത്വം വഹിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന ആത്മബോധോദയ സംഘാദര്‍ശത്തിന്റെ വിശ്വാസ (പമാണപ്രകാരമുള്ള പുരുഷോത്തമന്‍ ഭക്തനും (കരുനാഗപ്പള്ളി, തൊടിയൂര്‍, പൊന്നമ്പിഴേത്ത് നാരായണനാചാരി മകന്‍) ശ്രീമതി ശാന്തമ്മഭക്തയും (തൊടിയൂര്‍, പുതുക്കാട്ട് നാരായണപിള്ള മകള്‍) തമ്മിലുള്ള മിശ്രവിവാഹം തീരുമാനിച്ചുറപ്പിച്ചതും ആനന്ദജീ ഗുരുദേവന്‍ തന്നെയായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം 1972 ഡിസംബര്‍ 7-ാം തീയതി (1148 വൃശ്ചികം 22) വ്യാഴാഴ്ച ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമ ശ്രീകോവിലിന്റെ മുന്നില്‍ വച്ച് അനേകം ഭക്തജനങ്ങളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തില്‍ ഗുരുദേവന്‍ തന്നെ കാര്‍മ്മികത്വം വഹിച്ചുകൊണ്ട് അത്യനുഗ്രഹപ്രദമായി നടത്തി . അപ്രകാരമുള്ള അവരുടെ വിവാഹ മംഗള കര്‍മ്മം അത്യപൂര്‍വ്വമായി മാത്രം ഭഗവാനില്‍ നിന്നും ലഭിക്കുന്ന ഒരു തിരുമംഗല്യ മഹാഭാഗ്യമാണെന്നു വേണം കരുതാന്‍. മാതൃകാപരമായ അവരുടെ ഗൃഹസ്ഥാശ്രമ ജീവിതത്തില്‍ പൂവണിഞ്ഞ ആദ്യ പെണ്‍സന്താനം ബാലാരിഷ്ടമൂലം അകാല ചരമമടഞ്ഞു. ''സാരമില്ല നിങ്ങള്‍ക്ക് രണ്ടു ലക്ഷണമൊത്ത ആണ്‍കുഞ്ഞുങ്ങളാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ഒരു പെണ്‍കുഞ്ഞി നേയും തന്നുകൊള്ളാം'' എന്ന ഗുരുശ്ശബ്ദപ്രകാരം ജനിച്ച മൂന്നു മക്കളില്‍ സീമന്തപുത്രനാണ് ദേവരാജന്‍ കുഞ്ഞ്. 18-2-1975 (1150 കുംഭം 6) ചൊവ്വാഴ്ച രാത്രി 7.30 ന് കാര്‍ത്തിക നക്ഷത്രത്തില്‍ ബ്രഹ്മയോഗത്തിലായിരുന്നു ജനനം (ശുഭാനന്ദ ഗുരുദേവന്റെ മാതാവ് കൊച്ചുനീലിയമ്മയുടെ ജന്മനാള്‍!). അമ്പോറ്റിയുടെ പിതാവ് ശ്രീ. പുരുഷന്‍ സാര്‍ ആശ്രമത്തിലെത്തി 12 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു തന്റെ ജനനം. ഒരു വ്യാഴവട്ടക്കാലമെന്ന 12 വര്‍ഷത്തിന് ശുഭാനന്ദ ദര്‍ശനത്തില്‍ വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്.

മക്കള്‍ മൂന്നു പേര്‍ക്കും നാമകരണം, അന്നപ്രാശം, - വിദ്യാരംഭം എല്ലാം ആനന്ദജീ ഗുരുദേവന്റെ തൃക്കര ങ്ങളാലും തിരുനാവിനാലും നിര്‍വ്വഹിക്കപ്പെട്ടു. മാതാ പിതാക്കള്‍ തങ്ങളുടെ മൂത്തകുഞ്ഞിന് പേരിടുവാ നായി ആനന്ദജീ ഗുരുദേവന്റെ അരുകില്‍ എത്തിയ പ്പോള്‍ ''ദേവരാജന്‍'' എന്ന നാമകരണം ചെയ്യുകയും -- ''ഇവന്‍ ദേവന്മാരുടെ രാജാവായി വാഴട്ടെ'' എന്ന് കല്പിക്കുകയുമുണ്ടായി. ഗുരുവിന്റെ തിരുവിഷ്ടങ്ങള്‍ മാത്രം ചെയ്തുവന്നി - രുന്ന ദേവരാജന്‍ ഭക്തനു 2014 മാര്‍ച്ച് 9-ാം തീയതി 84-ാം മകയിരം ജന്മനക്ഷത ദിനത്തില്‍ ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവ തിരുവടികള്‍ കാഷായവും ''സ്വാമി ദേവാനന്ദന്‍' എന്ന നാമം നല്‍കി അനുഗ്രഹിച്ചു.

ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവന്‍ 87-ാം തിരു - വയസ്സില്‍ പ്രായാധിക്യം മൂലം രണ്ടു വര്‍ഷക്കാലമായുണ്ടായിരുന്ന ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് - 2017 മാര്‍ച്ച് 22 ബുധനാഴ്ച വെളുപ്പിന് 1.22 ന് മാവേലിക്കര ശ്രീകണ്ഠപുരം സ്വകാര്യ ആശുപ്രതിയില്‍ വച്ചായിരുന്നു സമാധി പ്രാപിച്ചത്. അപ്പോ ഴെല്ലാം സ്വാമി ദേവാനന്ദന്‍ ഗുരുദേവനോടൊപ്പം തന്നെ ഉണ്ടായിരുന്നു. 2017 മാര്‍ച്ച് 22 രാവിലെ 9 മണിക്കു ശേഷം ആത്മബോധോദയസംഘം, ശ്രീശുഭാനന്ദാ ട്രസ്റ്റ് നമ്പര്‍ 89/87, കമ്മറ്റി യോഗം അടിയന്തിരമായി കൂടി സര്‍വ്വഥാ യോഗ്യനായ സ്വാമി ദേവാനന്ദന്‍ അവര്‍കളെ ആത്മബോധോദയസംഘം, ശ്രീ ശുഭാനന്ദാസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായും ശ്രീശു ഭാനന്ദാശ്രമാധിപതിയായും തെരഞ്ഞെടുത്തു. തുടര്‍ന്നു ആശ്രമത്തില്‍ വരുന്ന ഭക്ത ജനങ്ങള്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കിയും നാടിന്‍റെ നാനാ ഭാഗത്തുമുള്ള ഭക്ത സന്തതികള്‍ക്ക് ആനന്ദവും ആശ്വാസവുമേകി ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവന്‍ ആശ്രമത്തില്‍ വാഴുന്നു.

പ്രധാന ലിങ്കുകള്‍

ഓണ്‍ലൈന്‍ മാസിക

പുതിയ ചിത്രങ്ങള്‍

വീഡിയോ ഗ്യാലറി

ശുഭാനന്ദ ട്രസ്റ്റ്

1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി...

സന്യാസി സംഘം

ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ...

ചരിത്ര സംഭവങ്ങള്‍

ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍...

പ്രസിദ്ധീകരണങ്ങള്‍

മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക്...